Thursday, September 10, 2009

ഗുണ്ട അഥവാ മണ്ടന്‍

ഒടുവില്‍ മലയാളിക്ക് സമാധാനമായി .....ഓം പ്രകാശിനെയും പുത്തന്‍ പാലം രാജേഷ്നെയും പോലീസ് കസ്ടടിയില്‍ എടുത്തല്ലോഇനി മനസ്സമാധാനമായി പുറത്തിറങ്ങി നടക്കാമല്ലോ ....
എന്താ ആ ഓം പ്രകാശിന്റെഒരു ഗ്ലാമര്‍ ....ഗുണ്ട ആയാല്‍ അങ്ങനെ ഇരിക്കണം . അല്ലാതെ കുളിക്കുകയും ഇല്ല നനക്കുകയും ഇല്ല പട്ടി കണ്ടാല്‍ വെള്ളം കുടിക്കാത്ത പേട്ടു മോന്തയും കൊണ്ടു നടന്നിട്ട് ഒരുകാര്യവും ഇല്ല . നാട്ടിലുള്ള സകലമാന ചട്ടംബികളും അവനെ കണ്ടു പഠിക്കണം .....ആവശ്യത്തിന് വിവരം, വിദ്യാഭ്യാസം, ഒരു ജോലി ഏല്‍പ്പിച്ചാല്‍ വെടിപ്പായി ചെയ്തു തരും .....ഒരു സാദാ മനഷ്യനില്‍ നിന്നും നമ്മള്‍ ഇത്രയൊക്കെ പ്രതീക്ഷിച്ചാല്‍ പോരെ
ഇന്നു വഞ്ചിയൂര്‍ കോടതി വഴി ഒന്നു പോയി നോക്കിയാല്‍ മതി ...ഒരു ഗുണ്ടക്കു നാട്ടില്‍ ഇത്രയും ആരാധകര് ഒണ്ടോന്നു നമ്മള്‍ അതിശയിച്ചു പോകും ...അത്രക്കുണ്ടായിരുന്നു ജനം. ഈ നാട്ടിലെ ഏത് സിനിമ താരത്തിനു കിട്ടും ഇത്രയും ജന പിന്തുണ അതും ഈ ചുരുങ്ങിയ കാലം കൊണ്ടു. എന്തായിരുന്നു ഇന്നലെ നടന്ന പുകില് N. H സേവനില് . നൂറ്റി അമ്പതു കിലോമീടര്‍ സ്പീഡില് അമ്പസ്സിടോര്‍ കാറൊക്കെ ചീറി പായുക അല്ലായിരുന്നോ (ശരിക്കും ഈ അമ്ബാസ്സിടോര്‍ കാറോകെ നൂറ്റന്പതു കിലോമീറ്ററില്‍ പോകുമോ ) അതാണ് ഗുണ്ട അതാവണം ഗുണ്ട
മി . വിജു.വി. നായര് ഒന്നു സൂക്ഷിച്ചു നടന്നാല്‍ കൊള്ളാം ....നിങ്ങള്‍ എന്താ ഹെ ഈ ആഴ്ച്ചത്തെ മാധ്യമത്തില്‍ എഴുതിയിരിക്കുന്നത് ...കേരളത്തിലെ ഗുണ്ടകള്‍ ഒന്നാം ക്ലാസ്സ്‌ മണ്ടന്മാര്‍ ആണെന്നോ ...അവന്മാര്‍ കേള്‍ക്കേണ്ട. നിങ്ങള്ക്ക് ഭാര്യോടും മക്കളോടും ഇത്രയ്ക്കു സ്നേഹം ഇല്ലാണ്ടായോ

എന്തൊക്കെ ആയാലും ഗുണ്ടകളുടെ സ്ഥല നാമങ്ങളെ പറഞ്ഞുകൊണ്ടുള്ള ആ ലേഖനം കൊള്ളാമായിരുന്നു

പണ്ടൊരിക്കല്‍ നമ്മുടെ തമ്മനം ഷാജി ഏതോ കടാപ്പുറത്ത്‌ ചെന്നു അവിടുത്തെ ആളുകളുടെ കയ്യില്‍ നിന്നും ശരിക്കും അടി വാങ്ങി കൂട്ടിയ ചരിത്രം ഉണ്ട് .ശരിക്കും അവിടുത്തെ ആളുകള്‍ അത് തമ്മനം ഷാജി ആണെന്ന് അറിഞ്ഞിട്ടല്ല തല്ലിയത്.ഏതോ ഒരുത്തന്‍ വന്നു പോക്രിത്തരം കാണിച്ചപ്പോള്‍ അവിടുത്തെ ആളുകള്‍ കൂട്ടായി നേരിട്ടപ്പോള്‍ നാടിനെ വിറപ്പിച്ച ഷാജിക്ക് പോലും നില്‍ക്കകള്ളി ഇല്ലാതെ ആയിപ്പോയി. തമ്മനം എന്ന പേര്‍ ആരുടെയെങ്കിലും വാലേല്‍ കെട്ടിയാല്‍ പിന്നെ അവന്‍ ഗുണ്ടയായി ....ചിലപ്പോള്‍ ഒരു നരുന്ത് പോലെ ഇരിക്കുന്നവന്‍ ആയിരിക്കും ഗുണ്ട .നാല് നല്ല നാട്ടുകാര്‍ ചേര്‍ന്ന് പെരുക്കിയാല്‍ ഏത് ഗുണ്ടയും ഒതുങ്ങും

പക്ഷെ നമ്മുടെ നാട്ടുകാര്‍ക്ക് ഇല്ലാത്തതു ഈ ഒരുമയാണ് പ്രത്യേകിച്ചും നഗരങ്ങളില്‍

എക്കാലവും ഇവിടെ ഭരിച്ച ഗവണ്‍‌മെന്റ് തന്നെ ആണ് ഈ ഗുണ്ടകളെ വളര്‍ത്തിയത്‌ . അവരുടെ ആവശ്യത്തിനു വേണ്ടി വളര്‍ത്തി വലുതാക്കിയതാണ് ഈ ഗുണ്ടകളെ

Friday, September 4, 2009

ഒരു വാക്ക്

ഇതാ .....ഒരോണം കൂടി പടി ഇറങ്ങുന്നു ......കാത്തിരിപ്പിന്‍റെ നാളുകള്‍ സമ്മാനിച്ചു കൊണ്ടു
എങ്ങനെ ഉണ്ടായിരുന്നു ഈ ഓണം നാളുകള്‍ ......മഹാബലിയുടെ കൂടെ ആരെങ്കിലും ഓണം ആഘോഷിച്ചോ ...?
എവിടെ അല്ലെ ........
ഈ ഓണം സൂര്യ ടീവിയോടൊപ്പം ആഘോഷിക്കൂ .....ഏഷ്യാനെറ്റിനൊപ്പം ആഘോഷിക്കൂ .....കൈരളിക്കൊപ്പം ആഘോഷിക്കൂ .....അങ്ങനെ അങ്ങനെ ആരോടൊപ്പം എല്ലാം ആഘോഷിക്കണം ഇതിനിടക്ക്‌ പാവം മഹാബലി തമ്പുരനോപ്പം ആഘോഷിക്കാന്‍ ആര്‍ക്കാ നേരം ......
അതിനിടക്ക് bevereges corporation കൌണ്ടറില്‍ que നില്‍ക്കണം ....ഇതിനൊക്കെ എവിടെയാ നേരം
ഇത്തവണ റെക്കോര്‍ഡ്‌ മദ്യം വില്പനയന്നെന്ന അറിഞ്ഞത് ....ഒപ്പം ഡോക്ടര്‍ മാരുടെ ശമ്പളവും കൂട്ടി .....രണ്ടും തമ്മില്‍ എന്തെങ്കിലും ബന്ധം ഉണ്ടോ എന്തോ
ഓണം പതിപ്പുകള്‍ എല്ലാം വായിച്ചോ ......മീര ജാസ്മിന് പറ്റിയ ഒരു പറ്റെ ( വനിതാ ).....വേണു നഗവള്ളിയെയും കുറ്റപ്പെടുത്താന്‍ പറ്റില്ല ( മാതൃഭൂമി ).....പല നാട്ടിലും ഇതിന് പല പേരാണു പറയുന്നതു കൂലി എഴുത്ത് കാര്‍ക്ക് നല്ല കാലമായിരുന്നു. വാങ്ങി വായിച്ചവര്‍ക്ക് കഷ്ടകാലവും ......

Wednesday, August 19, 2009


ഇന്നും എനിക്ക് വിസ്മയമായി തോന്നിയിട്ടുള്ളത് എന്‍റെ കുട്ടിക്കാലം തന്നെ ആയിരുന്നു .......ഒരുപാടു രൂപമാറ്റങ്ങള്‍ നടന്ന ആ പഴയ കുടുംബ വീട് കാണുമ്പൊള്‍ .....ഞാന്‍ ഓടി നടന്ന മുറ്റവും തൊടികളും കാണുമ്പൊള്‍ ഒക്കെ ഞാന്‍ ആ കുട്ടിക്കാലം ഓര്‍ത്തു പോകുന്നു ......

രൂപമാറ്റം വന്നതുകൊണ്ട് തന്നെ ആ വീടും എനിക്ക് അപരിചിതമായി തീരുന്നു .......ഇപ്പോള്‍ അതിലെ വീട്ടുകാരും .......

ആ വീടുമായി എനിക്കുള്ള അവസാന ബന്ധം എന്‍റെ അമ്മൂമ്മ ആയിരുന്നു .......എന്നെ തോളത്തിട്ടു താരാട്ടു പാടി ഉറക്കിയ എന്‍റെ അമ്മൂമ്മ .......ഒരുവീട് മുഴവനും നോക്കിനടതിയ വീട്ടമ്മ ......അഞ്ചു മക്കളെയും അവരുടെ പത്തു കൊച്ചുമക്കളെയും വളര്‍ത്തി പിന്നെ വീടിന്റെ അകത്തും പുറത്തുമുള്ള കാര്യങ്ങള്‍ നിയന്ത്രിച്ച എന്‍റെ അമ്മുമ്മ .......ഒടുവില്‍ മക്കള്‍ക്കും കാലനും തന്നെ വേണ്ടല്ലോ എന്ന് ചിന്തിച്ചു വീട്ടു മുറ്റത്തെ കിണറ്റില്‍ ചാടി സ്വയം മരണത്തെ കൂടെ കൂട്ടിയ എന്‍റെ അമ്മൂമ്മ

ശിഥിലമായ കുടുംബ വ്യവസ്ഥയില്‍ കൂട്ടുകുടുംബം തകര്‍ന്നടിഞ്ഞു ....ഒരേ ചോരയില്‍ പിറന്നവര്‍ പോലും പരസ്പരം കടിച്ചു കീറാന്‍ തുടങ്ങി. വീട്ടില്‍ വന്നുകയറിയ മരുമക്കളെ നിയന്ത്രിക്കാനോ ഒരുമിച്ചു കൊണ്ടുപോകണോ ആ പാവത്തിന് കഴിഞ്ഞില്ല. ഫലം ....മക്കളെല്ലാം കൊഴിഞ്ഞു പോകാന്‍ തുടങ്ങി .....ഒടുവില്‍ അവര്‍ക്ക്‌ കൂട്ടായി ആ വീടിന്‍റെ ചുവരുകളും ഞങ്ങള്‍ കൊച്ചുമക്കള്‍ ഇട്ടേച്ചുപോയ കുറച്ചു കളിപ്പാട്ടങ്ങളും .....അങ്ങനെ ഒരുപാടു വര്ഷം അവര്‍ ജീവിച്ചു ഒടുവില്‍ തന്‍റെ ജീവിതത്തിനു താനായി തന്നെ ഫുള്‍ സ്റ്റോപ്പ്‌ ഇട്ടു

ഓണത്തിനും മറ്റു വിശേഷ ദിവസങ്ങളിലും ഞാന്‍ അമ്മൂമ്മയെ കാണാന്‍ പോയിരുന്നു ....ആ വീടിന്‍റെ വരാന്തയില്‍ ആരെയെങ്കിലും പ്രതീക്ഷിച്ചു അവര്‍ ഇരിപ്പുണ്ടയിരിക്കും . ചിലപ്പോള്‍ എന്നെ ആയിരിക്കും അല്ലെങ്കില്‍ മറ്റു മക്കളെ ആയിരിക്കും. ആരെ ആയാലും ....എന്നെ കാണുമ്പോള്‍ ആ കണ്ണിലെ തിളക്കം എനിക്ക് കാണാമായിരുന്നു .....തിമിരം കാര്‍ന്നു തിന്നുന്ന കണ്ണും കേഴ്വി നശിച്ച ആ ചെവിയും വച്ചു അവരെന്നെ സന്തോഷത്തോടെ വരവെല്‍ക്കുമായിരുന്നു .....ഇന്നു അതുവഴി കടന്നു പോകുമ്പോള്‍ ഞാന്‍ ആ വീടിന്‍റെ മുറ്റത്തേക്ക്‌ നോക്കാറില്ല . ഇന്നു എന്നെ കാണാന്‍ ആരും അവിടെ കാത്തിരിപ്പില്ല.....മരിച്ചതിനു ശേഷം ആ തിളക്കമില്ലാത്ത കണ്ണുകള്‍ ഞാന്‍ കാണാന്‍ നിന്നില്ല ....കാണണമെന്ന് ആഗ്രഹവും ഇല്ലായിരുന്നു ....ഒടുവില്‍ അവസാന ജലംനല്കാന്‍ മനസ്സില്ല മനസ്സോടെയാണ് ഞാന്‍ പോയത്

ഇതാ ഒരോണം കൂടി വരുന്നു ...അമ്മൂമ്മയ്ക്കുള്ള ഓണക്കോടിയുമായി ഇനി പോകേണ്ടി വരില്ല . അവിടുത്തെ മുറ്റത്ത്‌ ഇനി ഊഞ്ഞാലുകളും അത്തപ്പൂക്കളും നിറയില്ല ...

ഈ ലോകത്ത് എന്നെ സ്നേഹിച്ചിരുന്ന ഒരാള്‍ കൂടി ഇല്ലാതെ ആയി ...ഒരു പക്ഷെ ഇനി വരുന്ന തലമുറകളും ഇതില്‍ നിന്നും ഒട്ടും വ്യത്യസ്തമാവാന്‍ വഴിയില്ല ....പെറ്റവയറിനെയും പിറന്ന നാടിനെയും മറക്കുന്ന മനുഷ്യന്‍ ഒന്നുകൂടി മറന്നു പോകുന്നു ............നിങ്ങളുടെ ഗതിയും ഇതു തന്നെ

Tuesday, August 18, 2009

ഋതുക്കള്‍ മാറാം ....നമുക്കോ ?

ചോദ്യം കൊള്ളാം അല്ലെ .....ഞാന്‍ എന്നോട് തന്നെ ചോദിച്ചു പോയതാണ്...ചോദിയ്ക്കാന്‍ ഇടവന്നു എന്ന് പറയുന്നതാവും ശരി ......ഇന്നലെ ശ്യാമപ്രസാദിന്റെ ഋതു കാണാന്‍ പോയിരുന്നു. ഒറ്റയ്ക്കാണ് പോയത്. കഴിഞ്ഞ തവണ ഒരേകടല്‍ കാണാന്‍ എല്ലാവരെയും വിളിച്ചു കൊണ്ടു പോയിട്ട് ഒടുക്കം എനിക്ക് തെറിവിളി കേട്ടതാണ്. അത് കൊണ്ടു തന്നെ ഇത്തവണ ഒറ്റയ്ക്ക് പോകാന്‍ തീരുമാനിച്ചു .......
സെക്കന്‍റ് ഷോ ടിക്കറ്റ്‌ എടുത്തു ....അതിനിടെ അവിടെ ഉണ്ടായിരുന്ന ചില പോസ്റ്ററുകള്‍ ....ഒന്നു കണ്ണോടിച്ചു വിട്ടു....എന്തെക്കയോ ചില കാര്യങ്ങള്‍ മനസിലൂടെ കടന്നു പോയി ....
തിരക്ക് തീരെ ഇല്ല ....അല്ലെങ്കിലും അപ്പനും ഭൂതവും കുത്തി മറിയുമ്പോള്‍ ഈ ജാതി സിനിമയ്ക്കു ആള് കാണില്ല അല്ലെ ......
നല്ലതായാലും അല്ലെങ്കിലും കാണാന്‍ തീരുമാനിച്ചു .....
സിനിമ തുടങ്ങി .....ആദ്യം തന്നെ ഒരു അലവലാതി റോക്ക് പാട്ട്.....ഭഗവാനെ നാല്‍പ്പതു രൂപ പോയോ
പുത്‌മുഖം തെറ്റ് പറയാനില്ല .......
അതിനിടെ റീമ വന്നു കൊള്ളാം നല്ല appearance ഉണ്ട്‌.....അതിനിടെ നൊസ്റ്റാള്‍ജിയ ഫീലിങ്ങും കൊണ്ടു നായകന്‍ എത്തി .....എങ്ങനെയൊക്കെയോ രണ്ടര മണിക്കൂര്‍ പടം വലിച്ചു നീട്ടി എത്തിച്ചു ഇതിനിടെ പുട്ടിനു പീര ചേര്‍ക്കുന്നത് പോലെ അല്പം കമ്മ്യൂണിസ്റ്റ് ആശയങ്ങളും അവിടെയും ഇവിടെയും വിളിക്കാതെ വരുന്ന ചില സടകൊഴിഞ്ഞ പഴയ സഖാക്കളും
തീയെടരില്‍ നിശബ്ദതയും നെടുവീര്‍പ്പും (എന്തിനാണോ എന്തോ ) നിറഞ്ഞു നിന്നു
അപാരം എന്നൊന്നും പറയാനാവില്ല ...ഒരു ആവറേജ് അത്രമാത്രം

എങ്കിലും കണ്ടിറങ്ങിയപ്പോള്‍ ആരെയോക്കയോ വിളിക്കണമെന്ന ഒരു തോന്നല്‍ ........ഒരിക്കല്‍ നമുക്കു തണലയിരുന്ന പ്രിയ സുഹൃത്തുക്കള്‍ അവരെ ഒന്നു കൂടെ കാണണമെന്ന തോന്നല്‍ മനസ്സില്‍ വരുന്നു . ഒരു ആവറേജ് എന്ന് ഞാന്‍ പറഞ്ഞെങ്കിലും എന്റെ മനസ്സില്‍ ഇങ്ങനെ ഒരു ചിന്ത ഉണ്ടാക്കാന്‍ കഴിഞ്ഞെങ്കില്‍ അതാണ് ഈ ചിത്രത്തിന്റെ വിജയമെന്ന് ഞാന്‍ കരുതുന്നു

നമ്മള്‍ നമ്മളുടെ ഹൃദയത്തിന്റെ ഭാഗമായി കൊണ്ടുനടന്ന സുഹൃത്തുക്കള്‍ അവര്‍ നമ്മളില്‍ നിന്നു അകന്നു പോയി കഴിഞ്ഞിട്ട് വീണ്ടും വന്നെത്തുമ്പോള്‍ അവരില്‍ നമ്മള്‍ അന്ന് കണ്ട നന്മയും വിശ്വാസവും ഇന്നും പ്രതീക്ഷിക്കാമോ എന്ന് ചിന്തിക്കേണ്ടി ഇരിക്കുന്നു

കാലങ്ങള്‍ മാറി മാറി പോകുന്നു .....മനുഷ്യന്റെ മനസ്സും മാറുന്നു ......

എന്നും കാണാന്‍ കാണാന്‍ കൊതിച്ചവര്‍ തന്നെ വര്‍ഷങ്ങള്‍ക്കു ശേഷം കാണുമ്പൊള്‍ പഴയ ആ ഒരു ഫീലിംഗ് ഉണ്ടാവാറില്ല ....ചിലപ്പോള്‍ കണ്ടില്ല എന്ന് നടിച്ചു കടന്നു കളയുന്നു .....ശരിക്കും ഞാന്‍ ഇതു അനുഭവിച്ചു കഴിഞ്ഞിരുന്നു .......

ശരിയാണ് ദൈവം മനുഷന് തന്ന ഏറ്റവും നല്ല കഴിവാണ് മറവി

Saturday, August 15, 2009

മനുഷ്യന്‍ നന്നാവില്ല നന്നാവില്ല എന്ന് പറഞ്ഞാല്‍ എന്താ ചെയ്യുക ....(എന്നെ കുറിച്ചു തന്നെ ) മയൂര പറഞ്ഞതുപോലെ "മടങ്ങി വന്നതല്ലേ മുടങ്ങാതെ പോസ്റ്റ് ഇടു...." ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല ദൈവം തമ്പുരാന്‍ സമ്മതിക്കാത്തത് കൊണ്ടാ. ലാസ്റ്റ് പോസ്റ്റും ഇട്ടിട്ടു ഒരു പോക്ക് പോയതാണ് പിന്നെ ഇപ്പോഴാണ്‌ വരുന്നത്.

ഞാന്‍ നോക്കിയപ്പോള്‍ അതാ മയൂരയുടെ കമന്‍റ്. വല്ലാത്തൊരു കുറ്റബോധം . അപ്പോള്‍ തീരുമാനിച്ചു മടങ്ങിവരാം .എനിക്ക് ഇവിടെ ഒരുപാടു കാര്യങ്ങള്‍ ചെയ്യാനുണ്ട് പറഞ്ഞു തീര്‍കാനുണ്ട്‌. ഉള്ളത് പറയാമല്ലോ രാജ്യസ്നേഹം മൂത്ത് സിവില്‍ സര്‍വീസ് എടുക്കാമെന്ന് കരുതി പോയതാണ് ....പക്ഷെ ആദ്യ ശ്രമം പരാജയമായിരുന്നു ....ഇതില്‍ നിന്നു പാഠം ഉള്‍ക്കൊണ്ട്‌ കുറച്ചു കൂടി നന്നായി ശ്രമിക്കാമെന്ന് വിചാരിക്കുന്നു . നിങ്ങളുടെ ഒക്കെ അനുഗ്രഹം ഉണ്ടാവണം

എനിക്കെന്‍റെ വീര്‍പ്പു മുട്ടലില്‍ നിന്നു മാറണം മനസിലുള്ളത് പറയണം ....ഞാന്‍ വരുന്നു

Wednesday, January 21, 2009

അതെ നിങ്ങളാരെങ്കിലും തിരുവനന്തപുരത്ത് വരുന്നുണ്ടോ? അതോ ഇവിടുണ്ടോ? ഇവിടെ ഇപ്പോള്‍ നിശാഗന്ധി ഫെസ്റിവല്‍ നടക്കുവാ. എന്താ പരിപാടികള്. ഞാന്‍ ഇന്നലെ പോയിരുന്നു. നമ്മുടെ പദ്മശ്രീ ഗീതാ ചന്ദ്രന്റെ ഭരതനാട്യം. കലക്കനയിരുന്നൂട്ടോ. അതിനു മുന്‍പ് ഒരു കുട്ടിയുടെ മോഹിനിയാട്ടം ഉണ്ടായിരുന്നു .ഇത്തവണ യൂത്ത് ഫെസ്ടിവലിന് സമ്മാനം കിട്ടിയ കുട്ടിയെ. പേരെനിക്കറിയില്ല. അതും അങ്ങട് കലക്കി കോരി അടിച്ചു. നല്ല ഭാവി ഉണ്ടതിന്. ദൈവം അനുഗ്രഹിക്കട്ടെ. ഇന്ന് ഗസല്‍ ആണ്. Talat Aziz ന്റെ. എന്ത് വന്നാലും ഞാന്‍ അതിനു പോകും. ഒരു നല്ല ഗസല്‍ കേട്ടിട്ട് ഒരുപാടു നാളായി( പിന്നെ ഇയാള് വല്യപുള്ളിയല്ലേ ). എന്താണെന്നറിയില്ല ഗസല്‍ കേട്ടാല്‍ ഞാന്‍ ഇരുന്നു കരയും ( ഇതൊരു രോഗമാണോ ഡോക്ടര്‍ ). ഇന്ന് വൈകിട്ട് കരയാന്‍ പോകുവാണ് . എങ്ങനെ കരയാതിരിക്കും .ഇതൊക്കെ കേള്‍ക്കുമ്പോള്‍ മനസ്സില്‍ ദൂരദര്‍സന്റെ സ്മ്രിതിലയം നടക്കും. പണ്ടു പ്രേംനസീറിനെ പോലെ മരംച്ചുട്ടിനടന്നതൊക്കെ തള്ളി തള്ളി പുറത്തേക്കു വരും(കൂടെ ഷീല ,ശാരദ എന്നിവരുണ്ടേ ). ഒക്കെ എവിടെ ആണോ എന്തോ? ഞാന്‍ മാത്രം ഇവിടെ ബാക്കി. ഇപ്പോള്‍ കാടെല്ലാം വെട്ടി തെളിച്ചത് കൊണ്ട് ചുറ്റാന്‍ മരങ്ങളൊന്നും ഇല്ല .വല്ലപ്പോഴും (note the point) വെള്ളമടിച്ചു പാമ്പായി പോസ്റ്റില്‍ കയറി ചുട്ടാറുണ്ട് അത്രമാത്രം

Sunday, January 18, 2009

കുമ്പസാരം

ഒരു ബ്ലോഗും ഉണ്ടാക്കി ഒരുപോക്ക് പോയതാണ്, പിന്നെ ഈ വഴി വന്നിട്ടില്ല. പെട്ടെന്ന് ഒരുദിവസം ഈ വഴി പോയപ്പോള്‍ (അതും ഒരു വര്‍ഷത്തോളം കഴിഞ്ഞു) എന്റെ പേരില്‍ ഒരു ബ്ലോഗ് എന്നാല്‍ ഒന്ന് കയറി നോക്കാമെന്ന് വച്ചു. ഒരു വര്‍ഷം മുന്‍പ് ഞാന്‍ പടച്ചു വിട്ടതൊക്കെ ഉണ്ട് കൂടാതെ 8 കംമെണ്ടും. ഈശ്വരാ എന്റെ ബ്ലോഗിന് കംമെണ്ട് ചെയ്യാനും ആളോ. നന്ദി , ഈ എളിയവനെ കണ്ട എല്ലാവരോടും .......ഇനി ഞാനുണ്ടാവും എങ്ങും പോവൂല്ല അമ്മച്ചിയാണേ സത്യം