Wednesday, August 19, 2009


ഇന്നും എനിക്ക് വിസ്മയമായി തോന്നിയിട്ടുള്ളത് എന്‍റെ കുട്ടിക്കാലം തന്നെ ആയിരുന്നു .......ഒരുപാടു രൂപമാറ്റങ്ങള്‍ നടന്ന ആ പഴയ കുടുംബ വീട് കാണുമ്പൊള്‍ .....ഞാന്‍ ഓടി നടന്ന മുറ്റവും തൊടികളും കാണുമ്പൊള്‍ ഒക്കെ ഞാന്‍ ആ കുട്ടിക്കാലം ഓര്‍ത്തു പോകുന്നു ......

രൂപമാറ്റം വന്നതുകൊണ്ട് തന്നെ ആ വീടും എനിക്ക് അപരിചിതമായി തീരുന്നു .......ഇപ്പോള്‍ അതിലെ വീട്ടുകാരും .......

ആ വീടുമായി എനിക്കുള്ള അവസാന ബന്ധം എന്‍റെ അമ്മൂമ്മ ആയിരുന്നു .......എന്നെ തോളത്തിട്ടു താരാട്ടു പാടി ഉറക്കിയ എന്‍റെ അമ്മൂമ്മ .......ഒരുവീട് മുഴവനും നോക്കിനടതിയ വീട്ടമ്മ ......അഞ്ചു മക്കളെയും അവരുടെ പത്തു കൊച്ചുമക്കളെയും വളര്‍ത്തി പിന്നെ വീടിന്റെ അകത്തും പുറത്തുമുള്ള കാര്യങ്ങള്‍ നിയന്ത്രിച്ച എന്‍റെ അമ്മുമ്മ .......ഒടുവില്‍ മക്കള്‍ക്കും കാലനും തന്നെ വേണ്ടല്ലോ എന്ന് ചിന്തിച്ചു വീട്ടു മുറ്റത്തെ കിണറ്റില്‍ ചാടി സ്വയം മരണത്തെ കൂടെ കൂട്ടിയ എന്‍റെ അമ്മൂമ്മ

ശിഥിലമായ കുടുംബ വ്യവസ്ഥയില്‍ കൂട്ടുകുടുംബം തകര്‍ന്നടിഞ്ഞു ....ഒരേ ചോരയില്‍ പിറന്നവര്‍ പോലും പരസ്പരം കടിച്ചു കീറാന്‍ തുടങ്ങി. വീട്ടില്‍ വന്നുകയറിയ മരുമക്കളെ നിയന്ത്രിക്കാനോ ഒരുമിച്ചു കൊണ്ടുപോകണോ ആ പാവത്തിന് കഴിഞ്ഞില്ല. ഫലം ....മക്കളെല്ലാം കൊഴിഞ്ഞു പോകാന്‍ തുടങ്ങി .....ഒടുവില്‍ അവര്‍ക്ക്‌ കൂട്ടായി ആ വീടിന്‍റെ ചുവരുകളും ഞങ്ങള്‍ കൊച്ചുമക്കള്‍ ഇട്ടേച്ചുപോയ കുറച്ചു കളിപ്പാട്ടങ്ങളും .....അങ്ങനെ ഒരുപാടു വര്ഷം അവര്‍ ജീവിച്ചു ഒടുവില്‍ തന്‍റെ ജീവിതത്തിനു താനായി തന്നെ ഫുള്‍ സ്റ്റോപ്പ്‌ ഇട്ടു

ഓണത്തിനും മറ്റു വിശേഷ ദിവസങ്ങളിലും ഞാന്‍ അമ്മൂമ്മയെ കാണാന്‍ പോയിരുന്നു ....ആ വീടിന്‍റെ വരാന്തയില്‍ ആരെയെങ്കിലും പ്രതീക്ഷിച്ചു അവര്‍ ഇരിപ്പുണ്ടയിരിക്കും . ചിലപ്പോള്‍ എന്നെ ആയിരിക്കും അല്ലെങ്കില്‍ മറ്റു മക്കളെ ആയിരിക്കും. ആരെ ആയാലും ....എന്നെ കാണുമ്പോള്‍ ആ കണ്ണിലെ തിളക്കം എനിക്ക് കാണാമായിരുന്നു .....തിമിരം കാര്‍ന്നു തിന്നുന്ന കണ്ണും കേഴ്വി നശിച്ച ആ ചെവിയും വച്ചു അവരെന്നെ സന്തോഷത്തോടെ വരവെല്‍ക്കുമായിരുന്നു .....ഇന്നു അതുവഴി കടന്നു പോകുമ്പോള്‍ ഞാന്‍ ആ വീടിന്‍റെ മുറ്റത്തേക്ക്‌ നോക്കാറില്ല . ഇന്നു എന്നെ കാണാന്‍ ആരും അവിടെ കാത്തിരിപ്പില്ല.....മരിച്ചതിനു ശേഷം ആ തിളക്കമില്ലാത്ത കണ്ണുകള്‍ ഞാന്‍ കാണാന്‍ നിന്നില്ല ....കാണണമെന്ന് ആഗ്രഹവും ഇല്ലായിരുന്നു ....ഒടുവില്‍ അവസാന ജലംനല്കാന്‍ മനസ്സില്ല മനസ്സോടെയാണ് ഞാന്‍ പോയത്

ഇതാ ഒരോണം കൂടി വരുന്നു ...അമ്മൂമ്മയ്ക്കുള്ള ഓണക്കോടിയുമായി ഇനി പോകേണ്ടി വരില്ല . അവിടുത്തെ മുറ്റത്ത്‌ ഇനി ഊഞ്ഞാലുകളും അത്തപ്പൂക്കളും നിറയില്ല ...

ഈ ലോകത്ത് എന്നെ സ്നേഹിച്ചിരുന്ന ഒരാള്‍ കൂടി ഇല്ലാതെ ആയി ...ഒരു പക്ഷെ ഇനി വരുന്ന തലമുറകളും ഇതില്‍ നിന്നും ഒട്ടും വ്യത്യസ്തമാവാന്‍ വഴിയില്ല ....പെറ്റവയറിനെയും പിറന്ന നാടിനെയും മറക്കുന്ന മനുഷ്യന്‍ ഒന്നുകൂടി മറന്നു പോകുന്നു ............നിങ്ങളുടെ ഗതിയും ഇതു തന്നെ

No comments: